Wednesday, March 24, 2010

സംസ്കൃതഭാഷയുടെ സാമിപ്യവും അനുഗ്രഹവും: മോഹന് ലാല്

got fwdd - claimed to be the speech by Mohanlal after receiving honorary doctorate from Sree Sankaracharya University of Sanskrit .. see also http://drisyadrisya.blogspot.com/2010/03/dream-sanskrit-movie.html

(കാലടി ശ്രീ ശങ്കരാചാരര്യ സംസ്കൃത സര്‍വകലാശാലയുടെ ഓണററി ഡീ-ലിറ്റ്‌ ബിരുദം
സ്വീകരിച്ച്‌ നടന്‍മോഹന്‍ലാല്‍ ചെയ്ത പ്രഭാഷണം)


ആദ്യമായി, ഞാന്‍ ചവിട്ടിനില്‍ക്കുന്ന ഈ മണ്ണിനെ മനസുകൊണ്ട്‌ ഒന്ന്‌ പ്രണമിക്കട്ടെ. ആയിരത്തിമുന്നൂറ്‌ വര്‍ഷം മുമ്പ്‌, ഈ ചൂര്‍ണീനദീ തീരത്ത്‌ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി പിറന്ന്‌ പുഴയും പര്‍വതങ്ങളും വനങ്ങളും കടന്നുപോയി മഹാകാവ്യങ്ങളും മഹാഭാഷ്യങ്ങളും തീര്‍ത്ത്‌, കാശിയിലും
കാശ്മീരദേശത്തും തര്‍ക്കിച്ച്‌, മൂകാംബികയില്‍ ധ്യാനിച്ച്‌, ഒടുവില്‍ കേദാരത്തിന്റെ ഹിമമൗനത്തിലലിഞ്ഞ ശങ്കരജന്മത്തിന്‌ മുന്നില്‍ ഞാന്‍ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. കാലടിയില്‍ കാലൂന്നുമ്പോഴെല്ലാം മനസില്‍,
തിരുനാവായയെക്കുറിച്ച്‌ ശങ്കരക്കുറപ്പ്‌ എഴുതിയ വരികളാണ്‌.

ഈ മണല്‍ത്തട്ടില്‍
ചവിട്ടുന്നതിന്‌ മുമ്പ്‌,
നാമതിന്‌ നമോവാകമോതുക,
എന്റെ വന്ദനം നിങ്ങളും സ്വീകരിക്കുക.

കഴിഞ്ഞ മുപ്പതുവര്‍ഷമായി സിനിമ എന്ന കലാരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന
ഒരാള്‍ എന്ന നിലയില്‍ നിരവധി പുരസ്കാരങ്ങള്‍ എന്നെത്തേടി വന്നിട്ടുണ്ട്‌.
ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത ചരിത്രസന്ദര്‍ഭങ്ങളില്‍
കേന്ദ്രബിന്ദുവായി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്‌. മഹദ്ജന്മങ്ങളുടെ
താങ്ങും തണലും തലോടലും അനുഭവിച്ചിട്ടുണ്ട്‌. എന്നാല്‍ അപ്പോഴൊന്നും
അനുഭവിക്കാത്ത ഒരു അനുഭൂതി ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു. പുരാതനമായ ഒരു
വടവൃക്ഷത്തിന്റെ ചുവടെ, തെളിഞ്ഞ ഒരു പൊയ്കയുടെ തീരത്തുനില്‍ക്കുന്നതുപോലെ,
സംസ്കൃതഭാഷയുടെ സാമിപ്യവും അനുഗ്രഹവും ഞാനറിയുന്നു. ഞാന്‍ സംസ്കൃതം
പഠിച്ചിട്ടില്ല.

അഭിനയത്തിലൂടെയും അന്വേഷണത്തിലൂടെയും ഈ ഭാഷയെ അറിയുമ്പോള്‍ എന്റെ നഷ്ടം ഞാന്‍ തിരിച്ചറിയുന്നു. സാമ്പ്രദായികമായി പഠിച്ചിട്ടില്ലെങ്കിലും ഓരോ ഭാരതീയന്റെ സിരകളിലും സംസ്കൃതത്തിന്റെ സരസ്വതി
പ്രവാഹമുണ്ടായിരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സംസ്കൃതം മൃതഭാഷയല്ല,
അമൃതഭാഷയും മാതൃഭാഷയും ആണെന്ന്‌ ആ പ്രവാഹനത്തിന്‌ ചെവിയോര്‍ത്താല്‍
മനസിലാകും.

സ്വാമി വിവേകാനന്ദന്‍ ഭാരതത്തിലൂടെയുള്ള തന്റെ പരിവ്രാജക ജീവിതകാലത്ത്‌
കേരളത്തിലുമെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‌ മുന്നിലെ
അരയാല്‍ത്തറയില്‍ ആരാലും അറിയപ്പെടാതെ ഭ്രഷ്ടനായി അദ്ദേഹത്തിന്‌
മൂന്നുനാള്‍ ഇരിക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോള്‍ പ്രഭാത
ദര്‍ശനത്തിന്‌ വരുന്ന തമ്പുരാട്ടിമാര്‍ അദ്ദേഹത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടു. അവരുടെ അംഗസൗന്ദര്യമല്ല സിംഹസദൃശ്യനായ ആ സന്യാസിയെ
ആകര്‍ഷിച്ചത്‌. അവര്‍ പരസ്പരം സംസാരിച്ചിരുന്ന ശുദ്ധമായ
സംസ്കൃതഭാഷയായിരുന്നു. ഇത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും പിന്നീട്‌ പല
പ്രസംഗങ്ങളിലും പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്‌.

സംസ്കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇത്രയധികം ബോധവാനായ, ആ
ഭാഷയെ ഇത്രമേല്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച മറ്റൊരു സന്യാസിയില്ല. സംസ്കൃത
വാക്കുകളുടെ നാദംതന്നെ നമ്മുടെ വംശക്കാര്‍ക്ക്‌ അന്തസ്സും കെല്‍പ്പും
കരുത്തും കൈവരുത്തുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.
സംസ്കൃതഭാഷയ്ക്കുവേണ്ടി ബുദ്ധനെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹം
മടിച്ചില്ല.

ഭാരതത്തിന്റെ ഭാവി എന്ന പ്രസംഗത്തിന്റെ പ്രകമ്പനം ൊള്ളിക്കുന്ന ഒരുഭാഗത്ത്‌ അദ്ദേഹം പറഞ്ഞു, സംസ്കൃതഭാഷ പഠിക്കുവാന്‍ പൊതുജനങ്ങള്‍ക്ക്‌ പ്രതിബന്ധം സൃഷ്ടിച്ചപ്പോള്‍ മഹാനായ ബുദ്ധന്റെപോലും
ചുവട്‌ പിഴച്ചു.

വേഗത്തില്‍ ഉടനടിയുള്ള ഫലങ്ങളാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. അങ്ങനെ അക്കാലത്തെ
ഭാഷയായ പാലിയിലേക്ക്‌ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്ത്‌ പ്രചരിപ്പിച്ചു.
ഇതൊരു ശ്ലാഘ്യമായ കാര്യംതന്നെ. അങ്ങനെ പെട്ടെന്ന്‌ ആശയങ്ങള്‍ പരന്നു.
ആശയങ്ങള്‍ നാട്ടിലെങ്ങും നെടുനീളെ ചെന്നെത്ത്‌. പക്ഷേ, അതോടൊപ്പം
സംസ്കൃതവും പ്രചരിക്കേണ്ടിയിരുന്നു. അറിവുണ്ടായി, പക്ഷേ അന്തസ്സും
സംസ്കാരവും ചോര്‍ന്നുപോയി.

സംസ്കാരത്തിന്റെ ധാരയായ സംസ്കൃതവുമായി ബന്ധപ്പെട്ടാണ്‌ എനിക്ക്‌ ഈ
ഡോക്ടറേറ്റ്‌ നല്‍കുന്നതെന്നറിയുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനീതനാകുന്നു,
അനുഗൃഹീതനാകുന്നു.

കാവാലം നാരായണപ്പണിക്കര്‍ സാറാണ്‌ എന്നെ നാടകത്തിന്റെ ലോകത്തേക്ക്‌
കൈപിടിച്ച്‌ നയിച്ചത്‌. കര്‍ണഭാരം ചെയ്യാന്‍ തീരുമാനിച്ച ശേഷമാണ്‌ അത്‌
സംസ്കൃതത്തിലാണ്‌ അഭിനയിച്ച്‌ ഫലിപ്പിക്കേണ്ടതെന്ന്‌ അദ്ദേഹം പറയുന്നത്‌.
അത്‌ കേട്ടതും എന്റെ ബോധവും ശരീരവും പല പല കഷ്ണങ്ങളായി ചിതറിപ്പോയി.
അദ്ദേഹം കൊടുത്തയച്ച സ്ക്രിപ്റ്റ്‌ എന്റെ കൈയിലിരുന്ന്‌ വിറച്ചു. ഭാസന്റെ
സംസ്കൃതം ഒരു പ്രളയംപോലെ എന്നെ വന്നു മൂടി. ജീവിക്കാനുള്ള കൊതികൊണ്ട്‌
ഞാനെന്റെ അവസാനതുള്ളി ഊര്‍ജവുമെടുത്ത്‌ നീന്തി. ഇനിയും നീന്താനുള്ള ദൂരം
കണ്ടമ്പരന്ന്‌, തളര്‍ന്ന്‌, നിസ്സാഹായനായി ഞാന്‍ കാവാലം സാറിന്റെ
മുഖത്തേക്ക്‌ നോക്കുമ്പോള്‍ അദ്ദേഹം പറയും. തനിക്ക്‌ സാധിക്കുമെടോ.. ആ
വാക്കുകളില്‍ പിടിച്ച്‌ ഞാന്‍ കര്‍ണഭാരത്തിന്റെ കടലുകടന്നു.

കര്‍ണന്‌ കുരുക്ഷേത്രം പോലെയായിരുന്നു, എനിക്ക്‌ കര്‍ണഭാരത്തിന്റെ അരങ്ങ്‌,
നാടകം എന്ന മഹത്തായ കലാരൂപത്തിന്റെയും കര്‍ണന്‍ എന്ന കഥാപാത്രത്തിന്റെയും
എല്ലാറ്റിനും ഉപരിയായി സംസ്കൃതം എന്ന ഭാഷയുടെയും ഭാരം ഒന്നിച്ച്‌ എന്നില്‍
പതിച്ചു. ഗുരുപരമ്പരകളുടെ കാരുണ്യവും അനുഗ്രഹവും ഗുരുത്വവുംകൊണ്ട്‌ ഞാനത്‌
അഭിനയിച്ച്‌ തീര്‍ത്തു. നാടകത്തില്‍ എന്റെ സംഭാഷണങ്ങള്‍ കേട്ട്‌, എന്റെ
അമ്മാവന്‍ ചോദിച്ചു, ആരു പറഞ്ഞു നിനക്ക്‌ സംസ്കൃതം അറിയില്ലെന്ന്‌.

അപ്പോഴാണ്‌ ഓരോ ഭാരതീയനിലൂടെയും ഒഴുകുന്ന സംസ്കൃതത്തിന്റെ
അദൃശ്യധാരകളെക്കുറിച്ച്‌ ഞാന്‍ ബോധവനാകുന്നത്‌. ഏതോ യുഗസന്ധിയില്‍ മണ്ണില്‍
മറഞ്ഞുപോയ സരസ്വതീ നദിപോലെയാണ്‌ സംസ്കൃതം. മനുഷ്യന്റെ മനസ്സിന്റെ
അടരുകളിലെവിടെയോ അത്‌ മറഞ്ഞുകിടക്കുന്നു. അറിവിന്‌ വേണ്ടിയല്ല,
സംസ്കാരത്തിനുവേണ്ടി അതിനെ തിരിച്ചെടുത്തേ തീരൂ.

കേവലമൊരു കൊമേഴ്സ്‌ ബിരുദം മാത്രം അക്കാദമിക്‌ യോഗ്യതയുള്ളയാളാണ്‌ ഞാന്‍.
പഠനത്തിന്റെ വഴികളിലൂടെ മുന്നോട്ട്‌ പോകുന്നതിന്‌ മുമ്പേ സിനിമയുടെ ലോകം
എന്നെ വിളിച്ചു. പഠിപ്പ്‌ പൂര്‍ത്തിയാക്കിയിട്ട്‌ പോരേ അഭിനയം എന്ന്‌
അന്ന്‌ അച്ഛന്‍ എന്നോട്‌ ചോദിച്ചിരുന്നു. ഒരിക്കലും അതൊരു നിര്‍ദേശമോ
ആജ്ഞയോ ആയിരുന്നില്ല. മധ്യവര്‍ഗത്തില്‍പ്പെട്ട ഏതൊരച്ഛനും മകന്റെ
ഭാവിയെപ്പറ്റി തോന്നാവുന്ന ആകുലത മാത്രം. പക്ഷേ ഞാന്‍ അഭിനയത്തിന്റെ വഴി
തെരഞ്ഞെടുത്തപ്പോള്‍ അച്ഛനൊരിക്കലുംഎതിര്‍ത്തില്ല. ഞാന്‍ പഠിച്ച്‌ വലിയൊരാളാവണം എന്ന്‌ അച്ഛന്‍
മനസുകൊണ്ടാഗ്രഹിച്ചിട്ടുണ്ടാകുമോ, ഉണ്ടെങ്കില്‍ ഇന്ന്‌ എനിക്ക്‌ കിട്ടിയ ഈ
ഉന്നത ബിരുദം തീര്‍ച്ചയായും അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം. വളരെ
വൈകിയാണെങ്കിലും അത്രയെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍
കൃതാര്‍ത്ഥനാണ്‌.

എം.എസ്‌.സുബ്ബലക്ഷ്മിയുടെ പാട്ടുകേട്ട്‌ പണ്ഡിറ്റ്‌ നെഹ്‌റു പറഞ്ഞുവത്രെ,
അവിടുത്തെ ഗാനത്തിന്‌ മുന്നില്‍ ഞാന്‍ ആര്‌, വെറുമൊരു പ്രധാനമന്ത്രി
മാത്രം. അതുപോലെ ഭാരതത്തിന്റെ ആത്മാവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഈ
ബിരുദത്തിന്‌ മുന്നില്‍ ഞാനാര്‌, വെറുമൊരു സിനിമാനടന്‍ മാത്രം.
മുപ്പതുവര്‍ഷത്തെ എന്റെ അഭിനയജീവിതത്തിനിടയില്‍ കഥാപാത്രങ്ങളുടെയും
കഥകളിയുടെയും കര്‍ണന്റെയും കിരീടം ഞാന്‍ വച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ന്‌
എന്റെ ശിരസില്‍വച്ച ഈ കിരീടത്തോളം ഭാരം മറ്റൊന്നിനും ഞാന്‍
അനുഭവിച്ചിട്ടില്ല. മഹിതമായ ഒരു സംസ്കാരത്തിന്റെ ഭാരമാണ്‌ അത്‌ എന്ന്‌
ഞാന്‍ മനസിലാക്കുന്നു. അതങ്ങനെ തന്നെയിരുന്ന്‌ എന്റെ ശിരസിനേയും മനസിനേയും
എല്ലാവിധ അഹങ്കാരങ്ങളില്‍നിന്ന്‌ മുക്തമാക്കി, എപ്പോഴും താഴ്ത്തി
നിര്‍ത്തട്ടെ എന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മാത്രമല്ല, ഈ ബഹുമതി
എന്നില്‍ അര്‍പ്പിതമായ വലിയ ഉത്തരവാദിത്വത്തെപ്പറ്റി എന്നെ
ബോധവാനാക്കുന്നു. ഇനി ചെയ്യാന്‍ പോകുന്ന കാളിദാസന്റെ വിക്രമോര്‍വശീയം
നാടകത്തിന്‌ അത്‌ വലിയ ഊര്‍ജമായിരിക്കും.

വാക്കുകളും വിചാരങ്ങളുമെല്ലാം തീരുമ്പോള്‍ എന്റെ മനസില്‍, സ്വന്തം അമ്മയെ
സംസ്കരിച്ച്‌ നമസ്കരിച്ചതിനുശേഷം ശങ്കരാചാര്യര്‍ രചിച്ച്‌ ചൊല്ലിയ വരികള്‍
നിറയുന്നു.

ആസ്താം താവദീയം പ്രസൂതിസമയേ.
ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയി
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ
ക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോ പി തനയ-
സ്തസ്യൈ ജനന്യൈ നമഃ
അതിന്‌ കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ പരിഭാഷ ഇങ്ങനെയാണ്‌.
നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചികുറയും
കാലമേറും ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ടാ, മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടു-
ക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനുമതുനില-
യ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍

ഈ ഓര്‍മകളിലൂടെ ഞാന്‍ എന്റെ പ്രിയപ്പെട്ട അമ്മയെ നമസ്കരിക്കുന്നു, ഭാഷയുടെ
അമ്മയെ നമസ്കരിക്കുന്നു. ഭൂമിയിലുള്ള എല്ലാ അമ്മമാരേയും നമസ്കരിക്കുന്നു.
ഒപ്പം എന്നെ കേട്ടിരുന്ന, അനുഗ്രഹിച്ച നിങ്ങളോരോരുത്തരെയും
നമസ്കരിക്കുന്നു, നന്ദി.

No comments: